വരും വര്‍ഷത്തില്‍ തന്നെ കൊവിഡ് വ്യാപനത്തെ തടയാന്‍ കഴിയുമെന്ന് ലോകാരോഗ്യ സംഘടനാ തലവന്‍

സാങ്കേതിക വിദ്യയുടെ മുന്നേറ്റത്താല്‍ വരും വര്‍ഷത്തില്‍ തന്നെ കൊവിഡ് വ്യാപനത്തെ തടയാന്‍ കഴിയുമെന്ന് ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസുസ്. 1918ല്‍ ലോകത്ത് പടര്‍ന്ന് പിടിച്ച സ്പാനിഷ് ഫ്‌ളൂ മുന്‍നിര്‍ത്തിയായിരുന്നു അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്. 1918ല്‍ ലോകത്തെ ബാധിച്ച മഹാമാരിയെ മറികടക്കാന്‍ രണ്ട് വര്‍ഷം വേണ്ടിവന്നു. എന്നാല്‍ ഇക്കാലത്ത്, പ്രത്യേകിച്ചും സാങ്കേതിക വിദ്യയുടെയും ആരോഗ്യ രംഗത്തെയും മുന്നേറ്റങ്ങള്‍ വികസിച്ച കാലത്ത് കൊവിഡിനെ തടയാന്‍ അത്രയും സമയം വേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു.

ആളുകള്‍ തമ്മിലുളള ഇടപെടല്‍ കൂടുതലായതിനാല്‍ കൊറോണ വൈറസ് വ്യാപനം വലിയ രീതിയില്‍ നടക്കുമെന്നത് വസ്തുതയാണ്.
അതേസമയം നമ്മുടെ സാങ്കേതിക വിദ്യയ്ക്ക് അതിനെ തടയാന്‍ കഴിയും. നമ്മുടെ അറിവുകള്‍ക്ക് ഇതിനെ തടയാന്‍ കഴിയും. ദേശീയമായ ഒത്തൊരുമ, ലോകത്തിന്റെ ഐക്യം എന്നിവ വളരെ പ്രധാനപ്പെട്ടതാണെന്നും ടെഡ്രോസ് അദാനോം ഗെബ്രിയേസുസ് കൂട്ടിച്ചേര്‍ത്തു.
1918ലെ സ്പാനിഷ് ഫ്ളൂവില്‍ അഞ്ച് കോടി ജനങ്ങളാണ് മരിച്ചത്. അതേസമയം കൊവിഡ് മൂലം ലോകത്ത് ഇതുവരെ എട്ടുലക്ഷം പേരാണ് മരിച്ചത്. 2.30 കോടി ജനങ്ങള്‍ രോഗബാധിതരാകുകയും ചെയ്തു. ദക്ഷിണാഫ്രിക്കയിലെ പിപിഇ കിറ്റുമായി ഉയരുന്ന അഴിമതി ആരോപണങ്ങളെ ക്രിമിനല്‍ എന്നും കൊലപാതകമെന്നുമാണ് ടെഡ്രോസ് അദാനോം വിശേഷിപ്പിച്ചത്. ഒരു തരത്തിലുമുളള അഴിമതികളെയും അംഗീകരിക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version