കൊവിഡ് രോഗമുക്തി നേടിയ 75ശതമാനം പേര്‍ക്കും കടുത്ത ശാരീരിക പ്രശ്നങ്ങള്‍ നേരിടേണ്ടി വരുമെന്ന് പുതിയ പഠനം

ലണ്ടന്‍: കൊവിഡ്-19 പരീക്ഷണങ്ങളുമായി മുന്നോട്ട് പോകുമ്പോഴും കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ഇതുവരെ വാക്സിന്‍ ഒന്നും ലഭ്യമല്ല. അതിവേഗം മറ്റൊരാളിലേക്ക് പടര്‍ന്ന് പിടിക്കുന്ന വൈറസിനെ ചെറുക്കാന്‍ വാക്സിന്‍ കണ്ടെത്തുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നുണ്ട്. കൊവിഡ് ഭേദമായ യുവാവിന് മാസങ്ങള്‍ക്കു ശേഷം വീണ്ടും വൈറസ് ബാധ ഉണ്ടായെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ ഹോങ്കോങില്‍ നിന്നും പുറത്തുവന്നു. ഈ സാഹചര്യത്തില്‍ ആശങ്ക ശക്തമാകുകയാണ്. കൊവിഡ് രോഗമുക്തി നേടിയ 75ശതമാനം പേര്‍ക്കും തുടര്‍ന്നുള്ള കാലങ്ങളില്‍ കടുത്ത ശാരീരിക പ്രശ്നങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്.

കൊവിഡില്‍ നിന്നും മുക്തി നേടിയാലും ആരോഗ്യ പ്രശ്നങ്ങള്‍ കൂടുതല്‍ കാലം അനുഭവിക്കേണ്ടി വരുമെന്നാണ് ലണ്ടനിലെ ബ്രിസ്റ്റോള്‍ ആസ്ഥാനമായുള്ള സൗത്ത്മീഡ് ആശുപത്രി നടത്തിയ പഠനത്തില്‍ പറയുന്നത്. കൊവിഡ് ഭേദമായി ആശുപത്രി വിട്ട 75 ശതമാനം പേരും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ശാരീരിക പ്രശ്നങ്ങള്‍ നേരിടുന്നതായി ആശുപത്രി പറയുന്നു. 25 ശതമാനം പേര്‍ക്ക് പഴയ നിലയില്‍ ജീവിക്കാന്‍ സാധിക്കുന്നുമുണ്ട്. ആരോഗ്യ പരമായ കാരണങ്ങളും മറ്റ് രോഗങ്ങളുമാകാം ഇതിന് കാരണമാകുന്നത്.

കൊവിഡ് ബാധയില്‍ നിന്നും വേഗത്തില്‍ സുഖം പ്രാപിക്കാന്‍ രോഗികള്‍ക്ക് സാധിക്കുന്നുണ്ടെന്ന് സൗത്ത്മീഡ് ആശുപത്രിയുടെ പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച 110 രോഗികളില്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. എന്നാല്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയേണ്ടി വന്ന 75ശതമാനം രോഗികളും തുടര്‍ന്നും ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നു. കൊവിഡ് നെഗറ്റീവായതോടെ വീടുകളിലേക്ക് മടങ്ങിയവരെ മാസങ്ങള്‍ കഴിഞ്ഞ് വീണ്ടും പരിശോധനകള്‍ക്ക് വിധേയമാക്കി. 110 പേരില്‍ 81 പേരും ശാരീരിക പ്രശ്നങ്ങള്‍ തുടര്‍ന്നും അനുഭവിക്കുന്നവരാണെന്ന് സര്‍വേയില്‍ കണ്ടെത്തി.

Exit mobile version